ഉറക്കം ഒരു സാർവത്രിക മനുഷ്യാനുഭവമാണ്, നമ്മുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ നവോന്മേഷവും,പുനരുജ്ജീവനവും ലഭിക്കുന്ന ഒരു പ്രതിഭാസം.മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതവും,എന്നാൽ നിഗൂഢവുമായ ഉറക്കം ശാസ്ത്രജ്ഞരെയും, കവികളെയും,തത്ത്വചിന്തകരെയും ഒരുപോലെ കൗതുകമുണർത്തിയിട്ടുണ്ട്.ഉറക്കത്തിൽ നമ്മുടെ ശരീരം സുഖപ്പെടുത്തുന്നു,ഓർമ്മകൾ നെയ്തെടുക്കുന്നു,തലച്ചോറിലെ വിഷവസ്തുക്കളെ ഉന്മുലനം ചെയ്യുന്നു,നമ്മുടെ ഉപബോധമനസ്സ് ഭാവനയുടെ ഉജ്ജ്വലമായ ദൃശ്യങ്ങൾ വരയ്ക്കുന്നു.
നമ്മുടെ ശരീരത്തിന്റെ എല്ലാവിധ പ്രവർത്തനത്തെയും യോജിപ്പിച്ചു നിലനിർത്തുന്നതിന് ഉറക്കത്തിന്റെ പങ്ക് വളരെ വലുതാണ്.നിരന്തരമായി ഉറക്കം നഷ്ടപെടുന്നവരിൽ മനസിന്റെ താളം തെറ്റുന്നതിന് വരെ കാരണമാകാം എന്ന് പഠനങ്ങൾ പറയുന്നു.എന്നാൽ കൃത്യമായ ഉറകം, അല്ലെങ്കിൽ ഉന്മേഷത്തോടെ ഉറങ്ങി എഴുനേൽക്കുക എന്നതൊക്കെ പലരിലും വെറും ഓർമ മാത്രമായി മാറികഴിഞ്ഞു.രാവിലെ നേരത്തെ ഉണരാനും പല പല കാര്യങ്ങൾ ചെയ്തു തീർക്കാനും പലരും രാത്രിയിൽ പദ്ധതിയിടാറുണ്ട് എന്നാൽ രാവിലെ എഴുനേൽക്കുക എന്നത് വിഷമം ഉണ്ടാകുന്ന കാര്യമാണ്. പല തവണ ആവർത്തിച്ചു അലാറം അടിച്ചാലും,എത്രയൊക്കെ ശ്രമിച്ചാലും തിരിഞ്ഞു പിന്നെയും കിടന്നുറങ്ങും, പിന്നീട് ഉറക്കം എഴുനേറ്റാലും വേണ്ട ഉന്മേഷമില്ലായ്മയൊക്കെയാണ് പലരെയും അലട്ടുന്ന പ്രശ്നം. രാവിലെ കൃത്യമായി നേരത്തെ ഉന്മേഷത്തോടുക്കൂടി ഉണരാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നത് ഇവിടെ വിശദീകരിക്കാം.
രാവിലെ നേരത്തെ ഉണരുന്നതിനായി നമ്മൾ ആദ്യം ചെയേണ്ടത് രാത്രിയിൽ സ്ഥിരമായി ഒരു കൃത്യസമയം ഉറങ്ങാൻ കിടക്കുക എന്നതാണ്.കാരണം കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ഉറക്കം എല്ലാവരിലും അനുവാര്യമാണ്. കുട്ടികളിലാണെങ്കിൽ കുറഞ്ഞത് എട്ട് മണിക്കൂർ മുതൽ ഒൻപത് മണിക്കൂർ വരെ ഉറകം അത്യാവശ്യമാണ്.ഉറക്കം കൃത്യമായി കിട്ടാതെ വന്നാൽ ഓർമ്മക്കുറവ്, ഉന്മേഷം കുറവ്, ഇറിറ്റേഷൻ എന്തിനധികം പറയുന്നു ചെയുന്ന കാര്യങ്ങളിൽ പോലും ഒന്നു നന്നായി പെർഫോം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും.ഇങ്ങനെ രാവിലെ കൃത്യമായി നേരത്തെ ഉണരണമെങ്കിൽ രാത്രിയിൽ എല്ലാ ദിവസവും ഒരു പത്തരക്കെങ്കിലും സ്ഥിരമായി നമ്മൾ ഉറങ്ങാനായി ശ്രമിക്കുക.

രണ്ടാമത്തെ കാര്യം രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുന്നേ എങ്കിലും ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കണം.രാത്രി താമസിച്ചു ഭക്ഷണം കഴിച്ചാൽ നമ്മുടെ തലച്ചോറിനു ഒരുപക്ഷേ ഉറങ്ങുവാൻ കഴിയും പക്ഷെ ശരീരത്തിന് കഴിഞ്ഞെന്ന് വരില്ല കാരണം ശരീരം ഭക്ഷണം ദഹിപ്പിക്കുന്ന തന്ത്രപാടിലായിരിക്കും.അതുകൊണ്ടുതന്നെ രാവിലെ ഉണരുന്ന സമയം ഉന്മേഷം ഇല്ലാത്ത അവസ്ഥയിലേക്ക് വരും.ഭക്ഷണം ശരിയായ രീതിയിൽ ദഹിച്ചില്ലെങ്കിൽ ഭക്ഷണം പുളിച്ചു തികട്ടി തൊണ്ടയിൽ വരുകയും രാത്രിയിൽ ചുമ വരുകയും അത് ഉറക്കത്തിന് ഭംഗം വരുത്തുന്ന അവസ്ഥയിലേക് പോകും.രാവിലെ എഴുന്നേൽക്കുന്ന സമയം ദ്രാവകം പോലെ കയ്പ്പുള്ള എന്തോ വായിൽ കാണുന്ന അവസ്ഥയിലേക്ക് വരാം. ചിലർക്ക് അതിരാവിലെ ഉണർന്നു കഴിയുമ്പോ തന്നെ വല്ലാത്ത നെഞ്ചരിച്ചിലും പുളിച്ചുതിട്ടലും കൂടാതെ ഏമ്പക്കം ഉണ്ടാകാനുമുള്ള കാരണം രാത്രിയിൽ താമസിച്ചു ആഹാരം കഴിക്കുന്നതാണ്.അത് കൊണ്ട് തന്നെ രാത്രിയിൽ എപ്പോഴും ഏഴരയ്ക്ക് മുമ്പ് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.അങ്ങനെയാണെങ്കിൽ ഉറങ്ങുന്നതിനു മുമ്പ് ഈ ഭക്ഷണം ദഹിച്ച് കഴിയും.സുഗമായി ഉറങ്ങാനും ഇത് സഹായിക്കും.
മറ്റൊരു കാര്യം രാത്രി കിടക്കുന്നതിനു മുമ്പ് മധുരമുള്ള ആഹാരങ്ങൾ അതായത് ഐസ്ക്രീം, മധുര പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.രാത്രി മധുരമുള്ള ആഹാരങ്ങളും,ഐസ്ക്രിമും ഒകെ കഴിച്ചു കഴിഞ്ഞാൽ അത് നമ്മുടെ തലച്ചോറിനെ കൂടുതൽ ആക്ടീവായി നില നിർത്തുകയും ഉറക്കം പലപ്പോഴും മോശമാവുകയും ചെയാറുണ്ട്.ഇത് പലപ്പോഴും ഉറക്കത്തിന്റെ കോളിറ്റി മോശമാവുന്നതിനും കാരണമാവുകയും ചെയ്യും.രാത്രി വളരെ വൈകി കോള,കാപ്പി,ചായ മുതലായ കഫീൻ കൂടുതലടങ്ങിയ പാനീയങ്ങൾ കുടിക്കരുത് എന്ന് പറയുന്നതിനുള്ള കാരണവുമിതാണ്.
ഇനി നമ്മുടെ ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നം നമ്മുടെ കയ്യിലുള്ള സ്മാർട്ട് ഫോണുകളാണ്.പലരും രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഫോണുകൾ നോക്കി കിടക്കുന്ന സ്വഭാവമുണ്ട്.ഇത് ഉറക്കം വരാൻ വൈകുന്നതിന് കാരണമാകും കൂടാതെ ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുന്നതിനും കാരണമാകും. അത്കൊണ്ട് തന്നെ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുന്നെയെങ്കിലും മൊബൈൽഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം നമുക്ക് ഇഷ്ടമുള്ള ഒരു പാട്ട്കേട്ട്കൊണ്ട് കിടന്നാൽ അത് നമുക്ക് പെട്ടെന്നു ഉറക്കം വരാനും സഹായിക്കും.രണ്ടാമതായി മൊബൈലിൽ മൊബൈൽ ഫോൺ കഴിവതും സൈലൻറ് ആക്കാനായി ശ്രമിക്കുക കാരണം ഉറക്കത്തിനിടയിൽ നിങ്ങൾക്ക് ഒരു കോൾ വന്നാൽ, അല്ലെങ്കിൽ മെസ്സേജ് വന്നാൽ അത് നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തും.ചിലപ്പോൾ ഉറകം പോവുകയും ഉണർന്നു കഴിഞ്ഞാൽ പിന്നീട് ഉറക്കത്തിലേക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.
മറ്റൊരു കാര്യം കിടക്കുന്നതിനു മുന്നേ ഫോണിൽ അലാറം വെച്ചതിനു ശേഷം നമ്മൾ കിടക്കുന്നതിന്റെ മൂന്നുമീറ്റർ അകലെയെങ്കിലും ഫോൺ വയ്ക്കാൻ ശ്രദ്ധിക്കുക. പലരും ചെയ്യുന്നത് അലാം വച്ചതിനുശേഷം ഫോൺ തൊട്ടരികിൽ വയ്ക്കാറാണ്.രാവിലെ അലാറം കേട്ടു ഉണരുമ്പോൾ ഫോൺ തൊട്ടടുത്തായത് കൊണ്ട് തന്നെഫോൺ എടുത്തു സ്നൂസ് ബട്ടൺ ഞെക്കി പിന്നെയും ഉറക്കത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത് നമുക്ക് രാവിലെ ഉണരുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.അതുകൊണ്ട് മൊബൈൽ ഫോൺ അലാറം വെച്ചതിനുശേഷം കഴിയുന്നതും മൂന്നു മീറ്റർ അകലെ എങ്കിലും മാറ്റിവയ്ക്കാൻ ശ്രമിക്കുക.കാരണം അലാറം നിർത്തുന്നതിനായി എഴുനേറ്റ് പോയി ഫോൺ എടുക്കുമ്പോൾ തന്നെ നമ്മുടെ തലച്ചോർ ഒന്ന് ഉണരുകയും പിന്നീട് ഉറക്കത്തിലേക് പോകാതിരിക്കാനായി ഇത് സഹായിക്കുകയും ചെയുന്നു.
ഇനി ശ്രെദ്ധികേണ്ട ഒരു കാര്യം രാവിലെ അലാറം കേട്ടു ഉണർന്നു കഴിഞ്ഞ ഉടനെ തന്നെ മുറിയിലുള്ള ലൈറ്റ് ഓൺ ചെയ്യുക.കാരണം ലൈറ്റ് ഓൺ ചെയ്തു കഴിഞ്ഞാൽ പ്രകാശത്തിൽ നമ്മുടെ ബ്രയിൻ പെട്ടെന്ന് ആക്റ്റീവ് ആവുകയും, പെട്ടെന്നു ഉണരുകയും ചെയ്യും പിന്നീട് ദിനചര്യകളിലേക്കും കടക്കാനും ഇത് സഹായിക്കുകയും ചെയ്യും.
അടുത്ത പ്രധാനപ്പെട്ട കാര്യം ഒന്ന് നേരത്തെ എഴുനേൽക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ അതായത് സ്ഥിരമായി നമ്മൾ ഉണർന്നു കൊണ്ടിരിക്കുന്നത് ഏഴു മണിക്കാണ് എന്നിരിക്കട്ടെ എന്നാൽ അടുത്ത ദിവസം മുതൽ നേരത്തെ എഴുനേൽക്കേണ്ട അതായത് ഒരു അഞ്ചുമണിക്ക് എഴുനേൽക്കേണ്ട ആവശ്യം വന്നു.ചിലപ്പോൾ നിങ്ങൾക് ജോലി സമയം നേരത്തെ ആക്കിയതാകാം അല്ലെങ്കിൽ കുട്ടികളിലാണെങ്കിൽ ട്യൂഷന് പോയി തുടങ്ങേണ്ടി വന്നു അതും അല്ലെങ്കിൽ നാളെ മുതൽ 5 മണിക്ക് ഉണർന്ന് ജിമ്മിൽ പോകാൻ ഇങ്ങനെ പല കാരണങ്ങളും ആകാം. സ്ഥിരമായി 7 മണിക്ക് ഉണരുന്ന നമ്മൾ പെട്ടെന്നു 5 മണിക്ക് അല്ലെങ്കിൽ 5:30 ഉണരാൻ ശ്രെമിക്കുമ്പോൾ അത് നമ്മുടെ തലച്ചോറിന് അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.അത് കൊണ്ട് ഇങ്ങനെ നേരത്തെ ഉണരേണ്ടി വരുന്നതിന് ഒരു അഞ്ചു ദിവസത്തിന് മുന്നേ എങ്കിലും ഇത് നമ്മൾ പ്ലാൻ ചെയേണ്ടതുണ്ട് .അതായത് ഇന്ന് നമ്മൾ 7 മണിക്ക് ഉണരുന്നവരാണെങ്കിൽ നാളെ 6:45 ന് ഉണരണം.അടുത്ത ദിവസം ഇത് 6:30 തിന് ആക്കാൻ ശ്രെമിക്കുക.ഇങ്ങനെ ഓരോ ദിവസവും 15 മിനിറ്റ് നേരത്തേക്ക് ഉണരുന്നത് കൊണ്ട് നമ്മുടെ തലച്ചോറിന് വലിയ ബുദ്ധിമുട്ടും ക്ഷീണവും ഇല്ലാതെ തന്നെ നമ്മൾ വിചാരിക്കുന്ന ദിവസം മുതൽ നേരത്തെ എഴുന്നേറ്റു തുടങ്ങാൻ കഴിയും.യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയും ഇല്ല.ഇങ്ങനെ ഒരു നാല്, അഞ്ച് ദിവസം കൊണ്ട് 7 മണിക്ക് ഉണരുന്ന നമ്മൾ ഒരു ബുദ്ധിമുട്ടും കൂടാതെ 5 മണിക്ക് എഴുനേൽക്കാൻ തുടങ്ങും.
ഇത്രയും കാര്യങ്ങൾ ശ്രദ്ദിച്ചു കഴിഞ്ഞാൽ നമുക്ക് പതിവായി രാവിലെ എല്ലാ ദിവസവും നേരത്തെ ഉന്മേഷത്തോട് കൂടി എഴുന്നേൽക്കാൻ സാധിക്കും.അതിരാവിലെ ഉണരുർന്നു കഴിഞ്ഞു ഒന്ന് വ്യായാമം കൂടി ചെയ്യുന്നുണ്ടെങ്കിൽ ആ ഒരു ദിവസത്തേക്ക് മുഴുവനായിട്ടുള്ള ഉന്മേഷവും ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
